മഹാനായ അബൂബക്കർ (റ)

പിൻഗാമിക്ക് അർഹനായ വ്യക്തി മഹാനായ അബൂബക്കർ (റ)

ഇസ്ലാമിക ചരിത്രത്തിൽ എന്നെന്നും ജീവിച്ചിരിക്കുന്ന മഹാനായ അബൂബക്കർ (റ) കുറിച്ചു പറയുമ്പോൾ പ്രവാചക ചരിത്രം സ്പർശിക്കാതെ വയ്യ. നീണ്ട f 23 വർഷക്കാല പ്രബോധന പ്രവർത്തനത്തിന്റെ പ്രധാന കോണുകളിലെല്ലാം മഹാനായ അബൂബക്കർ (റ) നെ നമുക്ക് ദർശിക്കാൻ കഴിയും.

നബിയും അബൂബക്കർ (റ) വും കേവലം ഒന്നോ രണ്ടോ വയസ്സിനു മാത്രമാണ് വിത്യാസം. അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ നബി(സ)യുടെ കളിക്കൂട്ടുകാരനായിരുന്നു.മററാരേക്കാളും നബിയെ ഏററവും കൂടുതൽ അടുത്തറിയുന്ന സന്തത സഹജാരിയായതുകൊണ്ടാവണം പ്രവാചക നുബൂവത്തിൽ ആദ്ദ്യാമായി വിശ്വാസമുറപ്പിച്ച ഖ്യാതിയും അദ്ദേഹത്തിനു തന്നെ.ചെറുപ്പത്തിലേ അടുത്തറിഞ്ഞ പരിചയസമ്പത്ത് കാരണം നബി(സ) പറയുന്നതെന്തും നിശംസയം വിശ്വസിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായിരുന്നില്ല. അബൂബക്കർ (റ)“സിദ്ദീഖ്” എന്ന പേരിൽ അറിയപ്പെടാൻ കാരണവും ഇതുതന്നെയായിരുന്നു.സത്യസന്ധത, വിശ്വാസ ദാർഢ്യം, വിനയം, മിതഭാഷണം, ദാനശീലം ഇങ്ങിനെ നീളുന്നു ഈ മഹാന്റെ വിശേഷണങ്ങൾ. പല പ്രമുഖ സ്വഹാബിമാരും അബൂബക്കറിലൂടെയാണ് ഇസ്ലാമിന്റെ സത്യ സന്ദേശം നുകർന്നത്.

കൃസ്താബ്ദംd 573 ൽ മക്കായിൽ ഖുറൈശി ഗോത്രത്തിലെ ബനൂതൈം വംശത്തിലാണ് അബൂബക്കർ (റ) ജനിക്കുന്നത്.ഉഥ്മാൻ അബൂഖുഹാഫയുടെയും സൽമ ഉമ്മുൽ ഖൈറിന്റെയും മകനായി ജനിച്ച അബൂബക്കർ (റ) മററു കുട്ടികളെ പോലെ ബദുക്കളുടെ ഇടയിലാണ് വളർന്നു വലുതായത്.വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതനായ അദ്ദേഹം മററുള്ളവരിൽ നിന്നും വിത്യസ്തനായി വിഗ്രഹ ആരാധനയോട് പൊതുവെ താല്പര്യമില്ലാത്ത വ്യക്തിയായിരുന്നു.പത്തു വയസ്സായപ്പോൾ തന്ന പിതാവിനോടപ്പം കച്ചവടത്തിൽ ചേർന്നിരുന്നുഈ മഹാൻ.സമ്പന്ന കുടുംബത്തിൽ വളർന്ന അബൂബക്കർ (റ)സാക്ഷരനും കവിതകളിൽ തല്പപരനുമായിരുന്നു.നാട്ടിൽ നടന്നിരുന്ന ഉക്കാസ് കാവ്യ സദസ്സിൽ അബൂബക്കർ (റ)വുംപങ്കെടുത്തിരുന്നു. തന്റെ പതിനെട്ടാം വയസ്സിൽ കച്ചവടത്തിലേക്ക് തിരിയുകയും വസ്ത്ര വ്യാപാരം ഒരു തൊഴിലായി സ്വീകരിക്കുകയും ചെയ്തു.

യമനിൽ നിന്ന് വ്യാപാര യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് തന്റെ സുഹൃത്തുക്കളിൽ നിന്നും മുഹമ്മദിന്റെ പ്രവാചകത്വ വിവരം അറിയുന്നത് . കേട്ട സമയം തന്നെ നബിയുടെ സന്നിദിയിൽ വന്ന് ഇസ്ലാം ആശ്ലേഷി ക്കുകയും അത് ജനങ്ങളിൽ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അബൂബക്കർ (റ) വിന്റെ ഇസ്ലാം ആശ്ലേഷം പ്രവാചകന്റെ പ്രബോധന ദൗത്യത്തിൽ ഒരു നാഴികക്കല്ലായിരുന്നു.

നാട്ടുകാർക്ക് അബൂബക്കർ (റ) പ്രിയങ്കരനായിരുന്നു.അദ്ദേഹത്തിന്റെ സഹായം ലഭിക്കാത്തവർ വളരെ വിരളമായിരുന്നു.ഇസ്ലാം സ്വീകരിച്ചതുകാരണം പീഢിതരായ എട്ടോളം അടിമകളെ വിലക്കുവാങ്ങി അദ്ദേഹം മോചിപ്പിക്കുകയുണ്ടായി. മോചിതരായവരിൽ അധികവും സ്ത്രീകളോ ദുർബല പുരുഷന്മാരോ ആയിരുന്നുഎന്നറിയുമ്പോൾ ആ മഹാന്റെ മഹത്വം ഒരു പടി കൂടി ഉയരുന്നു. ഒരിക്കൽ അബുഖുഹാഫ ഇങ്ങിനെ പറയുക പോലും ചെയ്തു ‘കരുത്തരും ചെറുപ്പക്കാരുമായവരെ മോചിപ്പിക്കുകയായിരുന്നെങ്കിൽ അവർ ഇസ്ലാമിന്റെ ശക്തിക്ക് ഗുണകരമാകുമായിരുന്നില്ലേ..?...’ ഇതിന്ന് അബൂബക്കർ (റ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു.താൻ അടിമകളെ മോചിപ്പിക്കുന്നത് ദൈവ മാർഗ്ഗത്തിലാണ് തനിക്ക് വേണ്ടിയല്ല’.ഇതിനെ തുടർന്നാണ് ഈ സുക്തം ഇറങ്ങിയത് "എന്നാൽ, ആർ (ദൈവമാർഗ്ഗത്തില്‍) ധനം നല്കുാകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ അവന്‌ നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു."

തബൂക്ക് യുദ്ധ വേള , മുസ്ലിംകൾക്ക് കടുത്ത ക്ഷാമവും പട്ടിണിയും! നബി (സ) അനുചരന്മാരോട് യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു എല്ലാവരും അവനാൽ കഴിയുന്നതെല്ലാം ദാനം ചെയ്തു. ദാനത്തിൽ ഒരിക്കലും പരാചയപ്പെടുത്താൻ കഴിയാത്ത അബൂബക്കർ (റ) നെ ഇത്തവണ പരാചയപ്പെടുത്തണമെന്ന് ഉമർ (റ) തിരുമാനിച്ചു.ദാന ധർമ്മങ്ങൾ പ്രവാചക സമക്ഷത്തിലേക്ക് ഒഴികിയെത്തി.ഓരോരുത്തരോടും നബി (സ) ചോദിച്ചു .താങ്കൾ എന്ത് നൽകി ? വീട്ടിൽ ഇനി എന്താണുള്ളത് ?... അല്ലയോ ഉമർ ? താങ്കൾ എന്താണ് വീട്ടിൽ ബാക്കി വെച്ചിട്ടുള്ളത്? ഉമറിന്റെ മറുവടി “ഞാൻ പകുതി വീട്ടിൽ ബാക്കി വെച്ചിട്ടുണ്ട് പ്രവാചകരേ…. താങ്കളോ അബൂബക്കർ ? അബൂബക്കർ “അല്ലാഹുവും റസൂലും മാത്രം “ ഒർത്തു നോക്കൂ ഈ മഹാന്റെ കൈ നീളം !

നബി(സ)യെ ജീവനു തുല്യം സ്നേഹിച്ച ഒരു പാട് സന്ദർഭങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും . ദൗത്യ നിർവ്വഹണത്തിൽ നബി(സ)യുടെ വലം കൈയായിരുന്നു അദ്ദേഹം,സ്വദേശമായ മക്കയിൽ നിന്നും ഹിജ്റ പോകേണ്ടി വന്ന സന്ദർഭം മക്കാ മുശ് രിക്കുകളുടെ ശ്രദ്ധയിൽ പെടാതെ ഓരോരുത്തരും മദീനയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു.ഒടുവിൽ നബി (സ)യോടപ്പം ഹിജ് റ പോവാൻ അബ്ബൂബക്കർ (റ) നെയാണ് തെരെഞ്ഞെടുത്തത്.ശത്രു സൈന്യത്തിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഇരുപേരും ഥൗർ ഗുഹയിൽ ഒളിച്ചിരുന്ന കാര്യം ഖുർ ആൻ വിവരിക്കുന്നുണ്ട് “സത്യ നിഷേധികൾ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടു പേരിൽ ഒരാൾ ആയിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അഥവാ,അവർ രണ്ടുപേരും(നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.അദ്ദേഹം തന്റെ കൂട്ടുകാരനോട് ‘ദുഖിക്കേണ്ട തിർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് ‘ എന്ന് പറയുന്ന സന്ദർഭം.(d9:40)

കരളലിയിപ്പിക്കുന്ന മറെറാരു സംഭവം നൊക്കൂ..മുഹമ്മദിൽ വിശ്വസിക്കുകയും ഇസ്ലാമിന്ന് വേണ്ടി നില കൊള്ളുകയും ചെയ്തതിനാൽ ഒരു പാട് എതിർപ്പുകൾ സഹിക്കേണ്ടി വന്ന വ്യക്തിയാണ് മഹാനായ അബൂബക്കർ(റ). സഹിക്കവെയ്യാതെ ആയപ്പോൽ ഒരിക്കൽ നാടുവിടാൻ തിരുമാനിച്ചു.എത്യോപ്യ ആയിരുന്നു ലക്ഷ്യം വഴിയിൽ വെച്ച് അദ്ദേഹത്തെ ഇബ്നുദ്ദുഗ്ന കാണാനിടയായി. അദ്ദേഹം ചോദിച്ചു അല്ലയോ അബൂബക്കർ എവിടെ പോവുന്നു?അബൂബക്കറിന്റെ മറുപടി “എന്റെ ജനങ്ങൾ എന്നെ പുറത്താക്കി. ഞൻ എന്റെ രക്ഷിതാ‍വിനെ ആരാധിക്കാൻ സൗകര്യപ്പെടുന്നിടത്തേക്ക് പോവുന്നു". ഇതു കേട്ട ഇബ്നുദ്ദുഗ്ന പറഞ്ഞു ദയവുചെയ്ത് താങ്കൾ പോകരുത്.താങ്കളെ പോലുള്ളവരെയാണ് ഈ നാട്ടിന്നാവശ്യം.താങ്കൾക്ക്  ഞാന്‍ സംരക്ഷണം നല്കാം മടങ്ങി വരിക,സ്വന്തം നാട്ടിൽ വെച്ചുതന്നെ താങ്കളുടെ രക്ഷിതാവിനെ ആരാധിച്ച് കൊള്ളുക!! നോക്കൂ .. അബൂബക്കർ (റ)ന്റെ മഹനീയ മായ സ്വഭാവത്തിന്റെയും ഉന്നത വ്യക്തിത്വത്തിന്റെയും പ്രസരിപ്പ് നേരിട്ടറിഞ്ഞ അവിശ്വാസിയായ ഇബ്നുദ്ദുഗ്നയാണ് ഇതു പറയുന്നതെന്നോർക്കണം . ഒട്ടനേകം യുദ്ധങ്ങളിൽ അബൂബക്കർ (റ) നബി(സ)യോടാപ്പം പങ്കെടുത്തിട്ടുണ്ട്. ഉഹ്ദ് ,ഹുനൈൻ എന്നീ യുദ്ധങ്ങളിൽ മുസ്ലിംകൾ ചിലർ പിന്തിരിഞ്ഞോടിയപ്പോൾ അബൂബക്കർ നബിയോടപ്പം യുദ്ധക്കളത്തിൽ ഉറച്ച് നിന്നു പോരാടുകയുണ്ടായി.

ഹിജ്റ ഒൻപതാം വർഷം ആദ്യമായി നടന്ന ഹജ്ജിന്റെ നേതൃത്വം നബി(സ) ഏൽ‌പ്പിച്ചത് അബൂബക്കറിനേയാണ്.നബി(സ)രോഗബാധിതനായി കിടന്നപ്പോൾ ജനങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകാൻ ഏൽ‌പ്പിച്ചതും അബൂബക്കറിനെത്തന്നെയാണ്.ഇതെല്ലാം കണക്കിലെടുത്തു കൊണ്ടായിരിക്കണം സഹാബികൾ ഒന്നടങ്കം പ്രവാചകന്റെ പിൻ ഗാമിയായി അബൂബക്കറിനെ ഖലീഫയായി തെരെഞ്ഞെടുത്തതും.

ഭരണമേറെറടുത്ത ഉടനെ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഇന്നുള്ള ഭരണകർത്താക്കൾ മാതൃകയാക്കേണ്ടതാണ്. “നിങ്ങളുടെ ഭരണാധികാരം എന്നിൽ ഏൽ‌പ്പിക്കപ്പെട്ടിരിക്കുന്നു.ഞാൻ നിങ്ങളിൽ ഉത്തമനൊന്നുമല്ല.ഞാൻ നല്ലതു പ്രവർത്തിച്ചാൽ നിങ്ങൾ എന്നെ സഹായിക്കുക.തെററുചെയ്താൽ എന്നെ നേരെയാക്കുക.നിങ്ങളിലെ ദുർബലൻ എന്റെ അടുക്കൽ ശക്തനാണ്.അവന്ന് അർഹതപ്പെട്ടത് ഞാൻ വക വെച്ചു കൊടുക്കും.നിങ്ങളിലെ ശക്തൻ,എന്റെ അടുക്കൽ ദുർബലനാണ്.അവൻ തരേണ്ടത് ഞാൻ പിടിച്ച് വാങ്ങും.ഞാൻ അല്ലാഹുവിനെ അനുസരിച്ച് പ്രവർത്തിക്കുന്നേടത്തോളം കാലം നിങ്ങൾ എന്നെ അനുസരിക്കുക.ഞാൻ അല്ലാഹുവിന്റെ കല്പന ധിക്കരിച്ചാൽ നിങ്ങൾ അനുസരിക്കെണ്ടതില്ല.”ശത്രു സൈന്യത്തെ നേരിടാൻ സജ്ജരായ മുസ്ലിം പോരാളികളോട് അബൂബക്കർ നൽകിയ ഉപദേശങ്ങൾ കനപ്പെട്ടതാണ്. “നിങ്ങൾ ചതിക്കരുത്.വഞ്ചിച്ച് ഒന്നും കൈക്കലാക്കരുത്.കുട്ടികളെയും വൃദ്ധരേയും സ്ത്രീകളെയുംവധിക്കരുത്.ഈത്തപ്പനകൾമുറിക്കരുത്.അവതീയിട്ട് നശിപ്പിക്കരുത്.ഫലവൃക്ഷങ്ങൾ നശിപ്പിക്കരുത്.ഭക്ഷിക്കാനല്ലാതെ കാലികളെ കൊല്ലരുത്.ആശ്രമങ്ങളിൽ ആരാധിക്കുന്നവരെ ഉപദ്രവിക്കരുത്….ഇങ്ങിനെ പോവുന്നു ആ ധീര യോദ്ധാവിന്റെ ഉപദേശങ്ങൾ.

തന്റെ ഭരണ കാലഘട്ടത്തിൽ ഈ മഹാന്  ജ്വലിച്ച് നിൽക്കാൻ സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ടതു തന്നെയാണ്.നബിയുടെ മരണശേഷം സകാത്ത് ലൽകാൻ വിസമ്മതിച്ചവരോട് എടുത്ത നിലപാടും, കള്ള പ്രവാചാകരായി രംഗത്തു വന്നവോരോട് സ്വീകരിച്ച നിക്കങ്ങളും അതിന്റെ ഉദാഹരണങ്ങളാണ്.ഖുർആൻ ഇന്ന് കാണുന്ന രൂപത്തിൽ ക്രോഡീകരിച്ചത് അബൂബക്കറിന്റെ കാലഘട്ടത്തിലാണ്.നബി(സ)യുടെ വിയോഗശേഷം ഖുർആൻ മന:പ്പാഠമാക്കിയ ഒരുപാട് സ്വഹാബിമാർ മരിക്കാനിടവന്നപ്പോൾ ഉമർ(റ)വിന്റെ അഭിപ്രായമനുസരിച്ച്  പ്രമുഖ സഹാബിമാരുമായി കൂടിയാലോച്ച ശേഷമാണ് ഈ മഹൽ കർമ്മത്തിന് അബൂബക്കർ നേതൃത്വം നൽകിയത്.ഖുർആൻ ഒരു ഗ്രന്തത്തിൽ എഴുതി വെക്കാൻ പ്രമുഖ എഴുത്തുകാരിൽ ഒരാളായ സൈദുബ്നു സാബിത്തിന്റെ കീഴിൽ ഒരു സംഘം സഹാബിമാരെ അദ്ദേഹം നിയമിക്കുകയായിരുന്നു.അവർ തയ്യാറാക്കിയ ‘മുസ്ഹഫ്’ ഖലീഫ തന്നെ സൂക്ഷിക്കുകയും ചെയ്തു.ഈ കോപ്പിയാണ് വിശുദ്ധ ഖുർആനിന്റെ പൂർണമായ പ്രഥമ ലിഖിത രൂപം.

തന്റെ വിശ്വാസം പോലെ തന്നെ കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ ത്യാഗി സദാ പരിശ്രമിക്കുകയും അത് ഏറെ കുറേ വിജയിക്കുകയും ചെയ്തു.തന്റെ കാലശേഷം ഈ കെട്ടുറപ്പും ഐക്യവും തകരുമോ എന്ന് ന്യായമായും അദ്ദേഹം ചിന്തിച്ചുകാണണം . മന:ക്കരുത്തും തന്റേടവുമുള്ള ഒരു പിൻ ഗാമിയെ നിയമിച്ചു കൊണ്ടാണ് ഇദ്ദേഹം യാത്രയാവുന്നത്.

ഹിജ്റ വർഷം പതിമൂന്ന് ജമാദുൽ ആഖിറ ഇരുപത്തിഒന്നിന്ന് അബൂബക്കർ (റ) ഈ ലോകത്തോട് വിട പറഞ്ഞു. ഥൗർ ഗുഹയിൽ ഒളിച്ചിരുന്ന ഇരു പേരും വിടചൊല്ലിയത് അറുപത്തിമൂന്നാം വയസ്സിൽ.നബി(സ)യുടെ ക്വബ്റിന്നരികിൽ തന്നെ അബൂബക്കർ(റ)വിനെയും മറവ് ചെയ്തു.

അബുദുൽ റസാക് ഉദരംപൊയിൽ










1 comments: