ആഇശ(റ) യുടെ വിവാഹം

ആഇശ(റ) യുടെ വിവാഹം ആറാം വയസ്സിലോ ?

എം.വി മുഹമ്മദ് സലീം

വിജ്ഞാന കുതുകികള്‍ ഗവേഷണ പഠനം നടത്തി മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ചുവന്ന പല ധാരണകളും തിരുത്തിയിട്ടുണ്ട്. ഇങ്ങനെ പുനര്‍വിചിന്തനത്തിനു വിധേയമായ, അനിവാര്യമായും തിരുത്തേണ്ട ഒരു ധാരണയുടെ കഥയാണ് ഇവിടെ ചര്‍ച്ചക്കെടുക്കുന്നത്.

മുഹമ്മദ് നബി(സ)യുടെ കുടുംബ ജീവിതം മാനവ രാശിക്കാകമാനം മാതൃകയാണ്. അത് വിവിധ കോണുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭാര്യാത്വ സമ്പ്രദായം നിലവിലുള്ള ഒരു സമൂഹമായിരുന്നു നബിയുടെ ആദ്യ പ്രബോധിതര്‍. ആ സമ്പ്രദായത്തിനു വ്യത്യസ്തമായ പരിഗണനയും ലക്ഷ്യവും ഉള്ളതാക്കി മാറ്റാനാണ് നബി ശ്രദ്ധിച്ചത്.

ഇഹലോക വാസം വെടിയുമ്പോള്‍ നബിക്ക് ഒന്‍പത് പത്‌നിമാരുണ്ടായിരുന്നു. ഈ വലിയ കുടുംബം പ്രവാചക ദൗത്യത്തിന്റെ നിര്‍വഹണത്തില്‍ പ്രധാന പങ്കുവഹിച്ചു. സമൂഹത്തിന്റെ പാതിയും, പ്രമുഖ ഘടകവുമായ സ്ത്രീയുമായും കുടുംബവുമായും ബന്ധപ്പെട്ട ദൈവിക മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ കുടുംബത്തിലൂടെയാണ് പഠിപ്പിക്കപ്പെട്ടത്. കുടുംബ ജീവിതത്തില്‍ എക്കാലത്തും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ പറ്റിയ മഹനീയ മാതൃകയാണ് നബി കുടുംബം കാഴ്ചവെച്ചത്.

നബി(സ)യുടെ ഭാര്യമാരില്‍ ഒരൊറ്റ കന്യക മാത്രമേ ഉണ്ടായിട്ടുള്ളു. ബാക്കിയെല്ലാം വിധവകളോ വിവാഹ മോചിതകളോ ആയിരുന്നു. ഉറ്റ മിത്രവും ഏറ്റവും അടുത്ത അനുയായിയുമായ അബൂബക്‌റിന്റെ ഇളയ മകള്‍ ആഇശയാണ് നബി വിവാഹം കഴിച്ച ഏക കന്യക. ഇവരെ ശൈശവത്തിലാണ് നബി കല്യാണം കഴിച്ചതെന്നാണ് പൊതുവെ എല്ലാവരും വിശ്വസിച്ചു പോരുന്നത്. വിമര്‍ശകര്‍ക്ക് വളം വെച്ചുകൊടുക്കുന്ന ധാരണയാണ് മുസ്‌ലിംകളും വെച്ചു പുലര്‍ത്തുന്നത് എന്നര്‍ഥം. ആ വിവാഹത്തിന്റെ കഥ വിശദമായി പഠിക്കാം.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ തന്നെക്കാള്‍ പതിഞ്ചു വയസ്സ് കൂടുതലുള്ള ഖദീജ(റ)യെ വിവാഹം ചെയ്തു കൊണ്ടാണ് നബി ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷം ഒരൊറ്റ ഭാര്യയുമായി ജീവിച്ചു. നബിക്ക് അന്‍പത് വയസ്സുള്ളപ്പോല്‍ ഖദീജ(റ) ഇഹലോക വാസം വെടിഞ്ഞു. മക്കളുടെ മാതാവാണ് മരിച്ചത്. മക്കളെ സംരക്ഷിക്കാനും വീടു പരിപാലിക്കാനും ഒരു കുടുംബിനി അനിവാര്യമായി. അനുയായികള്‍ നബിയുടെ സാഹചര്യം കണ്ടറിഞ്ഞ് ഖൗല ബിന്‍ത് ഹകമിനെ കല്യാണാലോചനയുമായി നബിയുടെയടുത്തേക്ക് അയച്ചു.

''ഒരു വിവാഹം നടത്തണ്ടേ?'' ഖൗല നബിയോടു ചോദിച്ചു. ''ആരെ?'' നബി അന്വേഷിച്ചു. 'കന്യകയോ കുമാരിയോ?' എന്ന് അവര്‍. ''ആരാണാ കന്യക?'' നബി.  ''അങ്ങയുടെ ഉറ്റ സുഹൃത്തിന്റെ മകള്‍ ആഇശ''-ഖൗല പറഞ്ഞു. ''കുമാരിയോ?
'' നബി വീണ്ടും. ''സൗദ ബിന്‍ത് സംഅ.'' കടുംബ ഭരണത്തിന് ആഇശ ചെറുപ്പമാണെന്ന് സൂചിപ്പിച്ച് നബി(സ) സൗദയെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് അഞ്ചു കുട്ടികളുടെ മാതാവായിരുന്ന സൗദ(റ)ക്ക് അന്‍പത്തഞ്ച് വയസ്സായിരുന്നു. പുരുഷന്മാര്‍ക്ക് താല്‍പര്യം ജനിപ്പിക്കാനാവാത്ത തന്നെയും കുട്ടികളെയും പോറ്റുന്നത് നബിക്ക് പ്രയാസമാവില്ലേ എന്നാണ് അവര്‍ ഉന്നയിച്ച സംശയം. ഇതിനുശേഷമാണ് നബി(സ) ആഇശ(റ)യെ വിവാഹം ചെയ്യുന്നത്.

നബിക്ക് വേണ്ടി വിവാഹാലോചനയുമായി ചെന്ന ഖൗല(റ)യോട് ആഇശയുടെ മാതാവ് പറഞ്ഞു: അബൂബക്‌റി(റ)ന്റെ അടുത്ത സുഹൃത്ത് മുത്ഇം ബിന്‍ അദിയ്യ് മകന്‍ ജുബൈറിനു വേണ്ടി ആഇശയെ അന്വേഷിച്ചിരുന്നു. മുത്ഇമിന്റെ ആവശ്യം അബൂബക്ര്‍ തള്ളാറില്ല. അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞശേഷം മറുപടി പറയാം.

അബൂബക്ര്‍(റ) മുത്ഇമിനെ കാണാന്‍ ചെന്നപ്പോള്‍ ഭാര്യ ചോദിച്ചു: ''ഞങ്ങളുടെ മകനെയും പുത്തന്‍ മതത്തില്‍ ചേര്‍ക്കാനാണോ ഈ കല്യാണം?
'' ഈ വിയോജിപ്പ് മുത്ഇമിന്റെ മനസ്സിലുമുണ്ടെന്ന് അറിഞ്ഞ ശേഷമാണ് നബിക്ക് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ അബൂബക്ര്‍ സന്നദ്ധനായത്.

ആദ്യമായി ഒരു കന്യകയെ കല്യാണം കഴിക്കുന്ന അമിതമായ ഒരാവേശവും നബി കാണിച്ചില്ല. നികാഹ് കഴിഞ്ഞ് പിന്നെയും നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഇശ(റ)യുമായി നബി ശാരീരിക ബന്ധം പുലര്‍ത്തുന്നത്. ആഇശ(റ)യുമായി ബന്ധപ്പെടുമ്പോള്‍ നബിക്ക് 54 വയസ്സായിരുന്നു.

ഒരു രാഷ്ട്രത്തിന്റെ സാരഥിയും വിശ്വാസികളുടെ കണ്ണിലുണ്ണിയുമായ പ്രവാചകന് ആഗ്രഹിക്കുന്നതെന്തും സാധിച്ചു കൊടുക്കാന്‍ സന്നദ്ധരായ ലക്ഷത്തില്‍പരം അനുയായികളുണ്ടായിരുന്നു. അവരോടൊന്ന് സൂചിപ്പിക്കേണ്ട താമസം ഏതു സുന്ദരിയായ കന്യകയെയും നബിക്ക് പാണിഗ്രഹണം ചെയ്തുകൊടുക്കാന്‍ അവരെല്ലാം അഹമഹമികയാ മുന്നോട്ടുവരുമായിരുന്നു. അതൊന്നുമല്ലല്ലോ ചരിത്രത്തില്‍ സംഭവിച്ചത്. വിധവകളെയും വിവാഹ മോചിതകളെയുമാണ് നബി പിന്നെയും വിവാഹം ചെയ്തത്.

പത്‌നി ഖദീജക്ക് അന്‍പത്തി അഞ്ച് വയസ്സുള്ളപ്പോഴാണ് നബിക്ക് ദിവ്യബോധനം ഉണ്ടായത്. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് നബിയെ പുതിയ പ്രസ്ഥാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഖുറൈശികള്‍ ഒരു ഫോര്‍മുലയുമായി മുന്നോട്ടുവന്നു. അറേബ്യയിലെ ഏറ്റവും സുന്ദരിയായ തരുണിയെ നബിക്ക് വിവാഹം ചെയ്തു കൊടുക്കാം, ഈ പുതിയ മതപ്രചാരണം നിര്‍ത്തിയാല്‍ മാത്രം മതി എന്നായിരുന്നു ഫോര്‍മുലയിലെ പ്രധാന ഇനം. ഇതുപറഞ്ഞ പിതൃവ്യനോട് നബി: ''പ്രിയ പിതൃവ്യാ, അവര്‍ സൂര്യനെ എന്റെ വലത്തെ കൈയിലും, ചന്ദ്രനെ ഇടത്തെ കൈയിലും വെച്ചുതന്നാല്‍ പോലും ഞാന്‍ ഈ ദൗത്യത്തില്‍ നിന്ന് പിന്തിരിയുകയില്ല.''

എന്നാല്‍, ദുഃഖകരമെന്നു പറയട്ടെ വിമര്‍ശകര്‍ക്ക് വളംവെച്ചു കൊടുക്കുന്ന ചില കഥകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കടന്നുകൂടിയിട്ടുണ്ട്. ഇതില്‍പെട്ടതാണ് ആഇശ(റ)യുടെ വിവാഹ പ്രായവും കല്യാണവുമെല്ലാം. പ്രബലമായ ഹദീസുകള്‍ മാത്രം ക്രോഡീകരിക്കാന്‍ ശ്രദ്ധിച്ച ബുഖാരി, മുസ്‌ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിലും കയറിപ്പറ്റിയതിനാല്‍ ഈ കഥ ഒരംഗീകൃത ചരിത്രമായി മുസ്‌ലിംകളും വിശ്വസിച്ച് പോരുന്നു.

ആഇശ തന്നെ പറയുന്നതായാണ് കഥ: ''എന്നെ റസൂല്‍(സ) വിവാഹം കഴിക്കുമ്പോള്‍ എനിക്ക് ആറു വയസ്സായിരുന്നു. ഒന്‍പത് വയസ്സുള്ളപ്പോള്‍ വീട്ടില്‍ കൂടി. അന്‍സ്വാരി സ്ത്രീകള്‍ എന്നെ ആദ്യ രാത്രിക്കൊരുക്കുമ്പോള്‍ ഞാന്‍ പനി പിടിച്ച് മുടികൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ച അവസ്ഥയിലായിരുന്നു.'' ഹദീസുകളില്‍ വന്നതിന്റെ രത്‌നച്ചുരുക്കമാണിത്. ആഇശക്ക് പതിനെട്ട് വയസ്സുള്ളപ്പോള്‍ നബി നിര്യാതനായെന്നും ശേഷിച്ച കാലം അവര്‍ വിധവയായി കഴിച്ചുകൂട്ടിയെന്നും കഥയുടെ ബാക്കി.

ഈ കഥ യാഥാര്‍ഥ്യമാണെന്ന് ധരിക്കാന്‍ പല കാരണങ്ങളുമുണ്ട്. അറേബ്യയില്‍ അന്ന് ശൈശവ വിവാഹം വിപുലമായി നടന്നിരുന്നു. ഇണകള്‍ തമ്മിലുള്ള പ്രായ വ്യത്യാസം ആര്‍ക്കും പ്രശ്‌നമായിരുന്നില്ല. ഉറ്റ സുഹൃത്തുക്കള്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുക സാധാരണമായിരുന്നു. ശൈശവ വിവാഹം ഇസ്‌ലാം അംഗീകരിക്കുന്നുവെന്നതിനുള്ള ഏക തെളിവായിട്ടാണ് ഈ വിവാഹം ഉദ്ധരിക്കപ്പെടാറുള്ളത്.

എന്നാല്‍ വിവാഹത്തെ സംബന്ധിച്ച് പരിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും വന്ന ശിക്ഷണങ്ങളുമായി ഇത് യോജിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ നാലാം അധ്യായത്തില്‍ പറയുന്നു: ''വിവാഹപ്രായമാകും വരെ അനാഥകളെ പരീക്ഷിച്ചു കൊണ്ടിരിക്കുക. അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്തുക്കള്‍ അവരെ ഏല്‍പിക്കുക''(4:6). വിവാഹത്തിനു നിയമപ്രകാരമുള്ള ഒരു പ്രായമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഈ വാക്യത്തില്‍ അനാഥകളുടെ സ്വത്ത് തിരിച്ചേല്‍പിക്കാനുള്ള സമയം നിര്‍ണയിച്ചിട്ടുള്ളത്. പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ പ്രായപരിധി വിശദീകരിച്ചതിങ്ങനെയാണ്. പ്രായപൂര്‍ത്തിയായതിന്റെ ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാവുകയോ അഥവാ പതിനഞ്ച് വയസ്സ് പൂര്‍ത്തിയാവുകയോ ചെയ്യുമ്പോഴാണ് വിവാഹപ്രായമാകുന്നത്. ഭൂരിപക്ഷം ഇങ്ങനെ പറയുമ്പോള്‍ ഇമാം അബൂഹനീഫ(റ) വിശദീകരിച്ചത് ഇങ്ങനെയാണ്: ആണ്‍കുട്ടികള്‍ക്ക് പതിനെട്ട് വയസ്സും, പെണ്‍കുട്ടികള്‍ക്ക് പതിനേഴ് വയസ്സുമാണ് വിവാഹ പ്രായം. പരിശുദ്ധ ഖുര്‍ആനിന്റെ ശിക്ഷണം ശൈശവ വിവാഹത്തെ അനുകൂലിക്കുന്നതല്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

ഇനി നബിചര്യയില്‍ ഇവ്വിഷയകമായി എന്തു നിര്‍ദേശമാണുള്ളതെന്ന് നോക്കാം. അക്കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് വിവാഹക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവസരമുണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ പറയുന്നതനുസരിക്കാനേ നിര്‍വാഹമുണ്ടായിരുന്നുള്ളു. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്ന വസ്തുത ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷമാണ് അറേബ്യ അറിയുന്നത്. സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് ജീവിതപങ്കാളിയെ തീരുമാനിക്കുകയെന്നത്. തനിക്കിഷ്ടമില്ലാത്ത ആരുടെയെങ്കിലും കൂടെ ജീവിത കാലം കഴിച്ചുകൂട്ടാന്‍ അവളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇതാണ് നബി (സ)പഠിപ്പിച്ചത്. തന്റെ ജീവിത പങ്കാളിയെ ഇഷ്ടപ്പെട്ട് സ്വീകരിക്കാനും ഇഷ്ടമില്ലെങ്കില്‍ തിരസ്‌കരിക്കാനും ഇസ്‌ലാം സ്ത്രീകള്‍ക്കവകാശം നല്‍കി. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ്: ആഇശ(റ) പറഞ്ഞു: ''ഞാന്‍ നബിയോടു ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, വിവാഹക്കാര്യത്തില്‍ സ്ത്രീകളുടെ അനുവാദം ചോദിക്കേണ്ടതുണ്ടോ? 'ഉവ്വ്' എന്ന് നബി. ഞാന്‍ പറഞ്ഞു: കന്യകയോടു സമ്മതം ചോദിച്ചാല്‍ അവള്‍ നാണിച്ച് മിണ്ടാതിരിക്കും. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: ''അവളുടെ മൗനം അവളുടെ സമ്മതമാണ്.'' എന്നാല്‍ വിവാഹ മോചിതയോ വിധവയോ ആണെങ്കില്‍ സമ്മതം തെളിച്ചു പറയണം. വിവാഹക്കാര്യം അവളുമായി കൂടിയാലോചിക്കണം എന്നാണ് നബിയുടെ പ്രയോഗം.

വിവാഹത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ പ്രായപൂര്‍ത്തിയാവണം. ശിശുക്കള്‍ക്ക് ഭര്‍ത്താവിന്റെ ഗുണദോഷങ്ങള്‍ അറിയില്ല. അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഒരേ പോലെയാണല്ലോ. അതിനാല്‍ ഖുര്‍ആന്‍ പഠിപ്പിച്ച വിവാഹ പ്രായവും നബി പഠിപ്പിച്ച സമ്മതം ആവശ്യപ്പെടലും ഒരേ ആശയം തന്നെ. ഇസ്‌ലാമില്‍ വിവാഹത്തിന്റെ അനിവാര്യ ഘടകമാണിത്.

ഇനി ആഇശ(റ)യുടെ വിവാഹത്തെ സംബന്ധിച്ച് ചരിത്രപരമായ പരിശോധന നടത്താം. ഹദീസുകളില്‍ വന്ന പ്രായം ശരിയോ തെറ്റോ എന്ന് മനസ്സിലാക്കാന്‍ ശരിയായ രീതി അതായിരിക്കാം. നബിക്ക് പ്രവാചകത്വം ലഭിച്ചത് 40 വയസ്സുള്ളപ്പോഴാണ്. ക്രി. 610 ല്‍ ആയിരുന്നു അത്. 13 വര്‍ഷം നബി മക്കയില്‍ പ്രബോധനം നടത്തി. ക്രി.623 ല്‍ മദീനയിലേക്ക് താവളം മാറ്റി. അവിടെ 10 വര്‍ഷം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ക്രി.633 ല്‍ ആയിരുന്നു അവിടുത്തെ വിയോഗം. ആര്‍ക്കും എതിരില്ലാത്ത ചരിത്രമാണിത്.

മദീനാ യാത്രയുടെ മൂന്ന് വര്‍ഷം മുമ്പാണ് നബി ആഇശ(റ)യെ വിവാഹം കഴിച്ചത്. അന്ന് ആഇശക്ക് 6 വയസ്സായിരുന്നെങ്കില്‍ അവരുടെ ജനനം ക്രി.614ല്‍ ആയിരിക്കുമല്ലോ. പ്രവാചകത്വം ലഭിച്ച് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം.. ഇത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണ്.

ജ്യേഷ്ഠത്തി അസ്മാ(റ) ആഇശയെക്കാള്‍ 10 വയസ്സിനു മൂത്തവളാണെന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തുന്നു. മദീനാ പലായന സമയത്ത് അസ്മാ(റ)ക്ക് 27 വയസ്സായിരുന്നു. അതിനാല്‍ നബിക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ അസ്മാ(റ)ക്ക് 14 വയസ്സുണ്ടാകും. അന്ന് ആഇശ(റ) 4 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. അവര്‍ ജനിച്ചത് ക്രി. 614ല്‍ അല്ല 606 ലാണ്. ക്രി.621-ല്‍ നബി വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 15 വയസ്സ് കഴിഞ്ഞിരുന്നു. ഹിജ്‌റക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് നബി ആഇശയുമായി ദാമ്പത്യ ബന്ധം പുലര്‍ത്തുന്നത്. അന്നവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.

ചരിത്ര വസ്തുതകളുടെ വിശദമായ പഠനത്തിലൂടെ നമുക്കീ വിഷയത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാം. അസ്മാ(റ)യുടെ പ്രായം ഉറപ്പ് വരുത്താനുതകുന്ന വിവരങ്ങളാണ് ആദ്യം പരിശോധിക്കേണ്ടത്. അവരുടെ പുത്രന്‍ അബ്ദുല്ല ബിന്‍ അസ്സുബൈര്‍(റ) രക്തസാക്ഷിയായത് ഹിജ്‌റ 73-ല്‍ ആയിരുന്നു. മകന്റെ മൃതദേഹം കണ്ട് ആശീര്‍വദിച്ച ചരിത്രം പ്രസിദ്ധമാണ്. ആ വര്‍ഷം തന്നെ അസ്മാ(റ) നിര്യാതയായി. മരിക്കുമ്പോള്‍ അവര്‍ക്ക് 100 വസ്സുണ്ടായിരുന്നുവെന്നതില്‍ ചരിത്രകാരന്മാരെല്ലം യോജിക്കുന്നു. അതിനാല്‍ ഹിജ്‌റയുടെ സമയത്ത് അവര്‍ക്ക് 27 വയസ്സായിരുന്നുവെന്നത് സ്ഥാപിതമായി (100-73= 27). അന്ന് അനുജത്തി ആഇശക്ക് 17 വയസ്സ് (27-10= 17). അവര്‍ ജനിച്ചത് നുബുവ്വത്തിന് നാലുവര്‍ഷം മുമ്പാണെന്നും ഇതില്‍ നിന്ന് വ്യക്തമായി (17-13=4).
ഇനി ആഇശ(റ) നബുവ്വത്തിനു നാലു വര്‍ഷം മുമ്പ് ജനിച്ചതിന്റെ തെളിവുകള്‍ പരിശോധിക്കുക. ഇബ്ന്‍ ജരീര്‍ അത്ത്വബരി താരീഖുല്‍ ഉമം എന്ന ഗ്രന്ഥത്തിലിപ്രകാരം രേഖപ്പെടുത്തുന്നു: ''അബൂബക്‌റിന്റെ സന്താനങ്ങളെല്ലാം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന്റെ മുമ്പാണു ജനിച്ചത്.''

ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവമിങ്ങനെ: ആഇശ(റ) പറയുന്നു. ''എനിക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ മാതാപിതാക്കള്‍ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. അന്ന് എല്ലാ ദിവസവും രാവിലെയും വൈകീട്ടും റസൂല്‍(സ) ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. മുസ്‌ലിംകള്‍ പീഡനത്തിനിരയായപ്പോള്‍ പിതാവ് അബൂബക്ര്‍ അബ്‌സീനിയായിലേക്ക് പലായനം ചെയ്യാനിറങ്ങി.''

അബ്‌സീനിയായിലേക്ക് ആദ്യമായി പാലായനം നടത്തിയത് ദിവ്യ ബോധനം ലഭിച്ച് അഞ്ചാമത്തെ വര്‍ഷമാണ്. അന്ന് നടന്ന കര്യങ്ങളെല്ലാം കൃത്യമായി ഓര്‍ക്കാനുള്ള പ്രായമുണ്ടായിരുന്നു ആഇശക്കെന്ന് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണല്ലോ. ശരിയായ കണക്കില്‍ അന്നവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു.

വിശുദ്ധ ഖുര്‍ആനിലെ അമ്പത്തി നാലാം അധ്യായം അല്‍ഖമര്‍ അവതരിച്ചത് ആഇശ(റ) വ്യക്തമായി ഓര്‍ക്കുന്നു. താന്‍ കളിച്ച് നടക്കുന്ന പ്രായത്തിലായിരുന്നു അതെന്ന് അവര്‍ പറഞ്ഞതായി ബുഖാരി രേഖപ്പെടുത്തുന്നു. നുബുവ്വത്തിന്റെ നാലാം വര്‍ഷമാണ് പ്രസ്തുത അധ്യായം അവതരിച്ചതെന്നത് നിസ്തര്‍ക്കമാണ്. ക്രി. 621-ല്‍ വിവാഹം നടന്ന സമയത്ത് അവര്‍ക്ക് ആറു വയസ്സാണെങ്കില്‍ ഈ അധ്യായം അവതരിച്ച സമയം അവര്‍ ജനിച്ചിട്ടു പോലുമില്ല എന്നല്ലേ വരിക? നബുവ്വത്തിന് നാലുവര്‍ഷം മുമ്പ് ജനിച്ച അവര്‍ക്ക് അന്ന് എട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടായിരുന്നു എന്നതാണ് വസ്തുത.

കല്യാണം അന്വേഷിക്കാന്‍ അനുവാദം ചോദിക്കാനെത്തിയ ഖൗല(റ), ആഇശ(റ)യെ വിശേഷിപ്പിച്ചത് കന്യക(ബിക്ര്‍) എന്നാണ്. ഭാര്യ മരിച്ചു പോയ ഒരാളുടെ വീട്ടില്‍ എല്ലാ അര്‍ഥത്തിലും ശൂന്യത നികത്താന്‍ പറ്റുന്ന ഒരു കുടുംബിനി! പ്രായപൂര്‍ത്തിയായ പെണ്ണിനാണ്  ഈ വിശേഷണം ചേരുക (ആറു വയസ്സുകാരിയെ അതിനൊന്നും പറ്റില്ല എന്നതില്‍ രണ്ടു പക്ഷമില്ല). 15 വയസ്സായിട്ടും ആഇശ ചെറുപ്പമാണെന്ന് പറഞ്ഞാണ് നബി സൗദ(റ)യെ ആദ്യം അന്വേഷിക്കാന്‍ പറഞ്ഞതും അവരെ വിവാഹം ചെയ്തതും.
നബിക്ക് വേണ്ടി വിവാഹാര്‍ഥന നടത്തിയപ്പോള്‍ ആഇശ(റ)യെ മുത്ഇം പുത്രന്‍ ജുബൈറിനായി അന്വേഷണം നടത്തിയിരുന്നതായി നാം കണ്ടു. ഇവിടെ രണ്ടു സാധ്യതകളുണ്ട്. സാധാരണയായി വിവാഹ പ്രായമെത്തിയാലാണ് ആലോചന നടക്കാറുള്ളത്. അതിനാല്‍ അടുത്ത് തന്നെ നടന്ന ആലോചനയാവാം. അല്ലെങ്കില്‍ ഇസ്‌ലാമിന്റെ മുമ്പ് സാധാരണമായിരുന്ന 'പറഞ്ഞുവെക്കല്‍' നബുവ്വത്തിന്റെ മുമ്പ് നടന്നതാവാം (അത് മകള്‍ ജനിക്കുന്നതിന്റെ മുമ്പാവില്ലല്ലോ). വിവാഹപ്രായമെത്തിയ കാലത്താവാനാണ് കൂടുതല്‍ സാധ്യത.

ബദ്‌റിലും ഉഹ്ദിലും രണാങ്കണത്തില്‍ സൈനികര്‍ക്ക് സേവനം ചെയ്ത ഉമ്മുസുലൈം, ഉമ്മുഅമ്മാറ എന്നിവര്‍ക്കൊപ്പം ആഇശ(റ)യും ഉണ്ടായിരുന്നു. പത്ത് വയസ്സുകാരിക്ക് യുദ്ധക്കളത്തില്‍ സേവനം ചെയ്യാനാവില്ല. അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ആഇശ(റ) വെള്ളം നിറച്ച ആട്ടിന്‍ തോല്‍ ചുമലില്‍വെച്ച് പരിക്കേറ്റ സൈനികര്‍ക്ക് ദാഹ ജലം നല്‍കാന്‍ ഓടുന്നത് വിവരിച്ചിട്ടുണ്ട്. ഓടാന്‍ വേണ്ടി പാവാട മാടിക്കുത്തിയതിനാല്‍ കാലിലെ തളകള്‍ കാണാമായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. ആട്ടിന്‍ തോല്‍ നിറയെ വെള്ളം നിറച്ച് പൊക്കാന്‍ നല്ല ശക്തി വേണം. അത് ചുമന്ന് ഓടാന്‍ ഒമ്പതോ പത്തോ വയസ്സുള്ള കട്ടികള്‍ക്കാവില്ല.

ചുരുക്കത്തില്‍, ആഇശ(റ)യെ നബി ആറാം വയസ്സില്‍ നികാഹ് ചെയ്തുവെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നും പറയുന്നത് ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക്  നിരക്കാത്തതാണ്. ഇതിന്നവലംബമായി വന്ന ഹദീസുകള്‍ വിശ്വാസ യോഗ്യമാവാന്‍ നിവൃത്തിയില്ല. എന്നാല്‍ ഇങ്ങനെയുള്ള ഹദീസ് ബുഖാരിയിലും മുസ്‌ലിമിലും എങ്ങനെ കടന്നുകൂടിയെന്നും പരിശോധിക്കേണ്ടതുണ്ട്.

ഈ ഹദീസുകളുടെയെല്ലാം ഉറവിടം പരിശോധിച്ചാല്‍ എല്ലാ പരമ്പരകളും ചെന്നെത്തുന്നത് ഹിശാം ഇബ്‌നു ഉര്‍വ എന്ന താബിഇലാണെന്ന് കാണാം. ആഇശ(റ)യുടെ ജ്യേഷ്ഠ സഹോദരി അസ്മാ(റ)യുടെ പുത്രനാണ് ഉര്‍വതുബ്‌നുസ്സുബൈര്‍(റ). അദ്ദേഹം ആഇശ(റ)യെ നേരില്‍ സന്ധിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മകന്‍ ഹിശാം അദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക പതിവായിരുന്നു. അതിനാല്‍ ഉര്‍വയുടെ മകന്‍ ഹിശാം പ്രസിദ്ധ റിപ്പോര്‍ട്ടറായി അറിയപ്പെട്ടു. ഹിശാം മദീനയിലായിരുന്നു ജീവിതത്തിന്റെ നല്ല കാലം കഴിച്ചു കൂട്ടിയത്. അക്കാലത്ത് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തതെല്ലാം വിശ്വസനീയമായ ഹദീസുകളാണ്.

ഏതാണ്ട് 71 വയസ്സായ ശേഷം അദ്ദേഹം ഇറാഖിലേക്ക് മാറിത്താമസിച്ചു. ഇക്കാലത്ത് കൂഫയിലെ റിപ്പോര്‍ട്ടര്‍മാര്‍ മുഖേന അദ്ദേഹം ധാരാളം വ്യാജഹദീസുകള്‍ കേള്‍ക്കാനിടയായി. അവയില്‍ ചിലത് തന്റെ പിതാവിന്റെ പേരിലുള്ളവയായിരുന്നു. ഹദീസ് നിരൂപകര്‍ പറയുന്നത് ഇറാഖില്‍ പോയശേഷം ഹിശാമിന്റെ ഓര്‍മ ശക്തി തകരാറിലായി എന്നാണ്. അങ്ങനെ പിതാവില്‍ നിന്ന് നേരിട്ട് കേള്‍ക്കാത്ത ഹദീസുകള്‍ ഇദ്ദേഹം പിതാവിലേക്ക് ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തു.

മദീനയില്‍ നിന്ന് ഹിശാമിനെ നേരില്‍ കണ്ട് ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ പ്രധാനിയാണ് ഇമാം മാലിക് ബ്‌നു അനസ്(റ). എന്നാല്‍ ഹിശാം ഇറാഖില്‍ പോയശേഷം റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തില്ല. അവ വിശ്വസനീയമല്ലെന്ന് ഇമാം മാലിക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബൈഹഖിയും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ദഹബിയും ഈ ദൗര്‍ബല്യം എടുത്തു കാട്ടിയിട്ടുണ്ട്.

ഹിശാമിബ്‌നു ഉര്‍വ ഇറാഖില്‍ പോയ ശേഷം റിപ്പോര്‍ട്ട് ചെയ്ത ഹദീസിലാണ് ആഇശ(റ)യെ പ്രവാചകന്‍ വിവാഹം കഴിച്ചത് ആറാം വയസ്സിലാണ് എന്നുള്ളത്. ഈ ഹദീസ് ഉപര്യുക്ത നിരൂപകന്മാര്‍ ദുര്‍ബ്ബലമാണെന്ന് വിശേഷിപ്പിച്ച പരമ്പരയിലൂടെ വന്നതാണ്. നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് ആഇശ(റ) പറയുന്നതും ഇതേ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ്. ആദ്യകാലത്ത് നിരാക്ഷേപം സ്വീകരിക്കപ്പെട്ട റിപ്പോര്‍ട്ടറായതിനാല്‍ ബുഖാരിയും മുസ്‌ലിമും മറ്റും ഇത് വിശ്വസനീയമാണെന്ന് ധരിച്ച് വശായി.

ഹദീസ് നിരൂപകന്മാര്‍ സാങ്കേതികമായി 'തദ്‌ലീസ്' എന്ന് വിശേഷിപ്പിച്ച ന്യൂനതയാണ് ഈ ഹദീസുകള്‍ക്കുള്ളത്. 'തദ്‌ലീസു'ള്ള ഹദീസുകള്‍ പ്രമാണയോഗ്യമല്ല. യഥാര്‍ഥത്തില്‍ ആഇശ(റ) പറയാത്ത കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടുകളിലുള്ളത്. അവ ഹദീസില്‍ കടത്തിക്കൂട്ടിയ ഇടയാളന്റെ പേരാണ് പറയാതെ വിട്ടുകളഞ്ഞത്.

നാം ഉദ്ധരിച്ച ചരിത്ര യാഥര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്നതു മാത്രം മതി ഈ ഹദീസുകള്‍ വ്യാജമാണെന്നതിന്റെ തെളിവായി. ഹദീസിന്റെ പ്രാമാണികത നിര്‍ണ്ണയിക്കാന്‍ റിപ്പോര്‍ട്ട് പരമ്പരയോടൊപ്പം ഉള്ളടക്കവും പരിശോധിക്കണം. പരിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ശിക്ഷണങ്ങള്‍ക്കും വിരുദ്ധമാണ് ഉള്ളടക്കം. വിവാഹപ്രായം ഖുര്‍ആന്‍ ഒരടിസ്ഥാനമായി പഠിപ്പിച്ചതാണ്. സ്ത്രീയുടെ സമ്മതത്തോടെ മാത്രമേ അവളെ വിവാഹം ചെയ്തു കൊടുക്കാവൂ എന്നത് പ്രവാചകന്‍ ഊന്നിപ്പറഞ്ഞ കാര്യമാണ്.

വസ്തുതകള്‍ വിശദമായി പഠിച്ചാല്‍ നാമെത്തിച്ചേരുന്ന നിഗമനമിതാണ്: ആഇശ(റ)യെ നബി(സ) വിവാഹം കഴിച്ചത് 15 വസ്സുള്ളപ്പോഴാണ്. 18 വയസ്സ് പൂര്‍ത്തിയായ ശേഷമാണ് അവരുമായി നബി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടത്. 27 വയസ്സുവരെ ആ ദാമ്പത്യ ബന്ധം തുടര്‍ന്നു. അവരുടെ മടിയില്‍ കിടന്നാണ് നബി അന്ത്യശ്വാസം വലിച്ചത്. ഇസ്‌ലാമിക ചരിത്രത്തില്‍ മായാത്ത മുദ്രകള്‍ പതിച്ച് ഹിജ്‌റ 58-ാം വര്‍ഷം ആ സ്വാധി അല്ലഹുവിലേക്ക് യാത്രയായി. അന്നവര്‍ക്ക് 75 വയസ്സായിരുന്നു. അല്ലാഹുവിന്റെ കരുണാകടാക്ഷം അവരില്‍ എന്നെന്നും ഉണ്ടാകുമാറാകട്ടെ. ആമീന്‍!


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ